Monday, September 22, 2008

വിഴിഞ്ഞം പോര്‍ട്ട്‌ ഭാരതീയന്റെ ജന്മാവ്കസം




വിഴിഞ്ഞം: ഇന്ത്യയുടെ മദര്‍പോര്‍ട്ട്


ആകും‍‍‍ എം. വിജയകുമാര്‍,(കേരളാ തുറമുഖ വകുപ്പ് മന്ത്രി)
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സാംസ്ക്കാരിക ചരിത്രത്തില്‍ തുറമുഖങ്ങള്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്. കേരളത്തിന്റെ സമസ്ത മേഖലകളുടെയും രൂപപരിണാമങ്ങള്‍ തുറമുഖങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ബി. സി. 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേരളത്തില്‍ നിന്ന് സുഗന്ധദ്രവ്യങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോയതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അതിപുരാതന കാലം മുതല്‍തന്നെ വിദേശ രാജ്യങ്ങളുമായി കേരളത്തിന് ബന്ധമുള്ളതായി നമ്മുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ബാബിലോണിയക്കാര്‍, ഫിനീഷ്യക്കാര്‍, ഇസ്രയേലുകാര്‍, ഗ്രീക്കുകാര്‍, റോമക്കാര്‍, ചീനക്കാര്‍, അറബികള്‍, തുടങ്ങിയ പ്രാചീന സംസ്ക്കാര കേന്ദ്രങ്ങളുമായി കേരളത്തിന് വാണിജ്യ ബന്ധമുണ്ടായിരുന്നു. അവരുടെ പ്രാചീന രേഖകളിലും സാഹിത്യങ്ങളിലും കേരളവും കേരളീയ തുറമുഖങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. കേരളത്തിലെ കൊടുങ്ങല്ലൂര്‍(മുസീരിയസ്), വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുടങ്ങിയ തുറമുഖങ്ങളെല്ലാം തന്നെ സഹസ്രാബ്ദങ്ങ ളായി കേരളത്തിലെ സമ്പദ്ഘടനയുടെ നട്ടെല്ലായി വര്‍ത്തിച്ചു വന്നിരുന്നു. കേരളത്തിന്റെ സമഗ്ര വികസനത്തിന് തുറമുഖങ്ങളുടെ വികസനം ഒരു സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് നിസംശയം പറയാം. ഇന്ത്യയിലെ മദര്‍പോര്‍ട്ടായി മാറാന്‍ പോകുന്ന വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയിനര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ അനന്തമായ സാദ്ധ്യതകള്‍ പ്രചുരപ്രാചാരം നേടിക്കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. തീരത്തു നിന്നും പത്ത് നോട്ടിക്കല്‍ മൈല്‍ ദൂരമേയുള്ളു അന്താരാഷ്ട്ര കപ്പല്‍ പതയിലേക്ക്. വിഴിഞ്ഞത്ത് പ്രകൃതിദത്തമായി തന്നെ 20 മീറ്ററില്‍ അധികം ആഴമുണ്ട്. ഭാവിയിലെ മെഗാ കണ്ടയിനര്‍ കപ്പലുകളെ സ്വീകരിക്കുവാന്‍ കഴിയുന്ന ആഴം ഇപ്പോള്‍ തന്നെ വിഴിഞ്ഞത്തിനുണ്ട്. വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാകുന്നതോട് കൂടി 5000 ത്തോളം പേര്‍ക്ക് പ്രത്യക്ഷമായും ഏകദേശം ഒരു ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കൂടാതെ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖല, ഉപഗ്രഹ നഗരങ്ങള്‍, അനുബന്ധവ്യവസായങ്ങള്‍, ആതുരാലയങ്ങള്‍, വിപണന ശാലകള്‍, വിനോദ സഞ്ചാര വികസനം, ഹോട്ടല്‍ ശൃംഖലകള്‍, റോഡ്, റെയില്‍വേ, പാര്‍ക്കുകള്‍, സ്കൂള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഉണ്ടാകാന്‍ പോകുന്ന അല്‍ഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ തിരുവനന്തപുരം ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുവാന്‍ പര്യാപ്തമായിരിക്കും. 15.12.2006 ല്‍ കൂടിയ സര്‍വ്വകക്ഷി യോഗത്തില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി റീ ടെണ്ടര്‍ ചെയ്യുവാന്‍ തീരുമാനിച്ചതു മുതല്‍ വളരെ ശ്രദ്ധയോടും സൂക്ഷമതയോടും കൂടിയാണ് ഓരോ ചുവടും മുന്നോട്ട് വെച്ചത്. രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ ലോബികള്‍ ഇതിനെതിരെ സംഘടിതമായി പ്രവര്‍ത്തിക്കുന്നുവെന്ന തിരിച്ചറിവ് ഗവണ്‍മെന്റിന്റെ പ്രയത്നത്തിന്റെയും ജാഗ്രതയുടെയും ഹോംവര്‍ക്കിന്റെയും തീവ്രത വര്‍ദ്ധിപ്പിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.ടെണ്ടര്‍ നടപടിക്രമങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ തന്നെ തുറമുഖത്തിന് ആവശ്യമാ യ പാശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കത്തിനുള്ള പ്രവര്‍ത്തനങ്ങളും ഗവണ്‍മെന്റ് ആരംഭിച്ചിരുന്നു. വിഴിഞ്ഞം തുറമുഖവുമായി റോഡ്, റെയില്‍വേ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായ റൈറ്റ്സിനെ ചുമതലപ്പെടുത്തുകയും അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അതുപോലെ തുറമുഖത്തിന് ജലവിതരണം തുടങ്ങുന്നതിന് കേരള വാട്ടര്‍ അതോറിറ്റിയുമായി 23.07.2007 ല്‍ കരാര്‍ ഒപ്പിട്ടു. ഇതിന്റെ ചിലവ് 3.89 കോടിയാണ്. വെള്ളായണിക്കായലില്‍ നിന്നാണ് ആവശ്യമായ ശുദ്ധജലം ഇവിടെ എത്തിക്കുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങളെ കുറിച്ച് പഠനം നടത്താന്‍ കിറ്റ്ക്കോ എന്ന സ്ഥാപനത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം 1088 ഹെക്ടര്‍ ഭൂമി ഫാസ്റ്ട്രാക്കില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയും അതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

വിസിറ്റ് : വികിമാപിയ.ഓര്‍ഗ്

No comments: